20 March 2014

പ്രണയബാക്കി

പ്രണയം മറന്നൊരാ വഴിയിലായ് നീയന്നു
തിരികെ നടന്നു ചികഞ്ഞതെന്ത്?
ഇടവം മിഥുനത്തിനുടലു പകുത്തൊരാ
തണുവിറ്റ രാത്രി തന്‍ തട്ടകത്തില്‍
പ്രണയം മറന്നൊരാ വഴിയിലായ് നീയന്നു
തിരികെ നടന്നു ചികഞ്ഞതെന്ത്?

മുറിവേറ്റ പക്ഷി, ഇതളറ്റ പൂവുകള്‍
ചുടു ചോര ചിന്തിയ പാദചിത്രങ്ങളും
വഴിയില്‍ കിളിര്‍ത്തൊരാ മറവിയുടെകാട്ടിലായ്
ഇട വിട്ടു കേള്‍ക്കുന്നുഅലമുറച്ചിന്തുകള്‍

അതിലുണ്ട് കനവിന്‍റെ താളമുണ്ട്
ചിലതുണ്ട് പറയാന്‍ മറന്നതുണ്ട്
മഴയില്‍ നനഞ്ഞ മൃദു മന്ത്രമുണ്ട്‌
കരളും പകുത്തൊരാ സന്ധ്യയുണ്ട്

ഇരുളില്‍ നിലാവിന്‍റെ ചിരി വെളിച്ചം
തേടിയലയുന്ന ഭ്രാന്തമാം ചിത്തമുണ്ട്
മൃദുലേ, നിനക്കെന്‍റെ വാക്കുകള്‍ ചേര്‍ത്തൊരാ
ഘനഘോര മൗനപ്പതക്കമുണ്ട്

ദശ മുഖ സ്മൃതി നാശ നെഞ്ചിലമര്‍ന്നൊരെന്‍
സീതപ്രണയം തപിച്ചൊരാ നാളിലായ്
ദിക്കുകള്‍ നാലുമകന്നെന്റെ  ചുണ്ടത്ത്
ശൂന്യത ദംശിച്ച നിലവിളി കേട്ടുവോ

കരളില്‍ ചിറകു വിരിച്ചൊരാ പ്രണയ-
മോഹപ്പക്ഷി കരയുന്നുമുണ്ട്(2)
കുളിരുണ്ട് , കൂട്ടിന് കൂട്ടിലായിരവിന്റെ
മാര്‍ജാര നക്ഷത്ര മിഴികളുണ്ട്

അരികു പറ്റി തണലേറ്റൊരാ വീഥിയില്‍
മുറിവേറ്റ പക്ഷി, ഇതളറ്റ പൂവുകള്‍

ഇനിയുണ്ട് കനലടങ്ങാത്തൊരു ചിതയുണ്ട്
ഇനിയുണ്ട് തിരയൊടുങ്ങാത്തൊരു കടലുണ്ട്
ഇനിയുണ്ട് തിരി തെളിക്കാത്തൊരു രാവുണ്ട്
ഇനിയുണ്ട് മുള പോട്ടിടാ മരുഭൂവുണ്ട്
ഇനിയൊന്നതുണ്ട് നിന്‍ വഴി വിളക്കിന്‍ കീഴില്‍ ചിറകു
 കരിഞ്ഞു പിടക്കുമെന്‍ചിത്തമാം രാത്രി ശലഭമുണ്ട്....


2 comments: