25 October 2017

മായ

മിഴിയിതൾത്തുമ്പിലൊളിയഴകായ്
വിടരുമനുരാഗ യാമമേ
ഇരുൾവഴികളിലെ നിഴൽ മഴയിൽ
നീട്ടു മാർദ്ര മൊരു നാളമേ
കനവായ് പൊഴിഞ്ഞ പ്രിയ രാഗമേ
ചിരി നീട്ടി നിന്ന പ്രണയാമ്പലേ...
(മിഴി.... )
നിഴലുകളിൽ എന്നെ തേടുമോ
ഞാൻ തിരയുമാ നേരമ കലുമോ
നറു നിലാ മുല്ല പൂവുപോൽ
മണമേകി നീ മിന്നി മായുമോ
നീയണയുമോ? എന്നരികിലായ്
ഈ യാത്രയിൽ തുണയേകുമോ
(മിഴിയിതൾ... )

ഒറ്റ പൂവിലൊരോണക്കളം


ഇട്ടു ഞാനെന്റെ മുറ്റത്ത്‌
ഒറ്റപൂവിലൊരോണക്കളം
തുമ്പയല്ല തുളസിയും
മന്ദാരമല്ല മുക്കുറ്റിയും
നന്മ തിങ്ങിയ നാളിന്റെ
മുറ്റുമോർമ്മ തൻ പൂവുകൊ -
ണ്ടിട്ടു ഞാനെന്റെ മുറ്റത്ത്‌
ഒറ്റ പൂവിലൊരോണക്കളം...

കണ്ടാലേ കണ്മണീ

കണ്ടാലേ കണ്മണീ നിൻ കാലിലെ കൊലുസ്
എറീടും നെഞ്ചിലെൻ പ്രണയത്തിൻ മിടിപ്പ്
പിന്നാലെ വന്നു നിൻ, വിരലൊന്നാലെ തൊട്ടു ഞാൻ...
തില്ലാന തില്ലാന പാടുന്നെൻ മനം
(കണ്ടാലെ )

കാർകുഴലി നിൻ കണ്ണിണകളിൽ
കാമനൊളിയമ്പെയ്‌തോ.....
തുമ്പമലരാം നിന്റെയുടലിൽ
താരകങ്ങളൊളി തീർത്തോ.......
മൂടിക്കെട്ടി മേലെക്കാറ്
പെയ്യാതെ പെയ്യാതെ പോകുന്നീ വഴി... (കണ്ടാലേ )
ലാസ്യ ലഹരി നിന്റെ നടനം
ദ്രുത ചലനജതി പൂത്തോ
സജലമിഴിയാൽ കവനമെഴുതി കാമനകൾ അല നെയ്തോ
ചെന്താരിൻ ചന്തമായ്
തേൻ ചോരും പാട്ടുമായ് നീ മിണ്ടാതെ മിണ്ടാതെ പോകല്ലെൻ സഖീ....

വേർപാട്


കുടഞ്ഞെറിഞ്ഞ
തണുപ്പിന്റെ
വേർപാടിൽ
നൊന്തിട്ടാവാം
മാനത്തിരുന്ന്
മഴ ,മണ്ണിലേക്ക്
തോരാതെ കണ്ണീർ വാർക്കുന്നത് .........

സ്നേഹനദി

പല വഴിക്കൊഴുകുന്നീ
സ്നേഹത്തിൻ നദി ;
ആണ്ടുപോകു
മതിലേക്കെടുത്തു
ചാടുമോരോരുത്തരും
അതിലാഴുമൊരുവനേ
കഴിയൂ
നദി കടന്നു പോകുവാനും......

                                                         അമിർ ഖുസ്രു

സ്വസ്തി.

കതിരവനുദയം കൊണ്ട പ്രഭാതം
മംഗളഗാനം പാടുന്നു പ്രകൃതി
കർമ്മഭൂമിയിൽ ഉണരുന്നു മാനവർ
യുഗയുഗങ്ങളായ് തുടരും പ്രയാണം

പൊരുളുകൾ തൻ ചുരുളഴിയിപ്പാൻ
ഇവിടെ ഉയരിടുമോരോ നാമ്പിലും
തെളിയട്ടെ ഉണ്മ തൻ നറുദീപ നാളം
വിടരട്ടെ നന്മ തൻ സൗഗന്ധ സൂനം

അചലം വിമലം ഏകമാം സത്യം
തുടിക്കട്ടെ ഓരോ അണുവിലും          നിത്യം
പൂവിലും പുല്ലിലും പുഴുവിലും പുലരും
സർവ്വ ജീവന്നും നേരുന്നു സ്വസ്തി.

17 April 2017

ജലം



ജലത്തുള്ളികള്‍ ജലത്തില്‍ നിന്ന് വേര്‍പെട്ട് അനാഥരായി അകാശ ത്തിലേക്കുയര്‍ന്നു. അനന്തതയില്‍ തുടങ്ങി അനന്തതയിലേക്ക് നീളുന്ന സമയ രേഖയില്‍ പൊടുന്നനെ താന്‍ ഏതോ അഗാധതയിലേക്ക്‌ പതിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു . പ്രണയിനിയുടെ നിരാസത്തില്‍ നൊന്ത ഹൃദയവുമായി രാസല്‍ ഖൈമയിലെ അവളുടെ വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ , വര്‍ഷങ്ങള്‍ക്കു മുന്പ് മണല്ക്കാടുകള്‍പ്പുറത്തെ സുഖ സൗഭാഗ്യങ്ങള്‍സ്വപ്നം കണ്ട് പറന്നുയര്‍ന്ന നിമിഷം താനല്ലാതെ മറ്റാരും തുണയില്ലതിരുന്ന അമ്മയുടെ മിഴികള്‍ നനഞ്ഞിരുന്നോ എന്നയാള്‍ ഓര്‍ത്തു നോക്കി . തനിക്കു വേണ്ടി പൂത്തു കായ്ച്ചു കൊഴിഞ്ഞ അമ്മമരം കത്തിയെരിഞ്ഞ വെണ്ണീര്‍ അയാളെ പൊള്ളിച്ചു കൊണ്ടിരുന്നു .

ഇരുള്‍ പരന്നു തുടങ്ങിയ ഇടവഴിയിലെ ഇലകള്‍ പൊഴിക്കാത്ത കോണ്‍ക്രീറ്റ് മരച്ചില്ലകള്‍ കണ്ട് അയാളുടെ മനസ്സ് പുകഞ്ഞു . കാലടികള്‍ മുന്നോട്ടുള്ള പാതയെ തേടുമ്പോഴും കാതോര്‍ത്ത പിന്‍വിളി കൊട്ടിയടയ്ക്കപ്പെട്ട വാതിലിന്‍റെ കനത്ത ശബ്ദത്തില്‍ അലിഞ്ഞില്ലതായതായി അയാള്‍ തിരിച്ചറിഞ്ഞു .എങ്ങോട്ടെന്നില്ലാതെ ചുട്ടു പൊള്ളുന്ന മണല്‍ വഴികളിലൂടെ അയാള്‍ അലഞ്ഞു തിരിഞ്ഞു . അറിയാത്ത ദൂരങ്ങള്‍ താണ്ടി, മണല്‍ക്കാറ്റ് ഏറ്റ് വരണ്ട തൊണ്ടയില്‍ ഇത്തിരി നനവ് പകരാന്‍ എവിടെ നിന്നെങ്കിലും കുറച്ച് ജലം ലഭിച്ചിരുന്നുവെങ്കില്‍ എന്നയാള്‍ ആശിച്ചു .  അധികം ദൂരെയല്ലാതെ പകുതി തുറന്നിട്ട വാതിലില്‍ നിന്നും മഞ്ചെരാതില്‍ നിന്നെന്ന പോലെ പുറത്തേക്കൊഴുകുന്ന പ്രകാശത്തെ ലക്ഷ്യമാക്കി അയാള്‍ നടന്നു

            “ഫള്ളല്‍ ......”    ( അകത്തേയ്ക്ക് വരൂ ......)
പടിവരെയെത്തി തെല്ലമാന്ദിച്ചു നിന്ന അയാളെ നനവാര്‍ന്ന ആ ശബ്ദം സ്വാഗതം ചെയ്തു .
അരണ്ട വെളിച്ചത്തില്‍ ടോസ്സാ ജുട്ടിന്റെ നൂലുകള്‍ കൊണ്ട് വരിഞ്ഞ കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന തൊലി ചുളിഞ്ഞ് ശുഷ്കിച്ച മുഖമുള്ള വൃദ്ധ അയാള്‍ക്ക് ജലമിരിക്കുന്ന കൂജ കാണിച്ചു കൊടുത്തു ..

          “ഇഷ്രബ് മായക് ഫീക്ക” ( ആവശ്യത്തിനു കുടിച്ചോളൂ )

     “ അലൈസല്‍ മാ അലില്‍ അത്വ്ശാന്‍ ” ( ജലം ദാഹിക്കുന്നവര്‍ക്കല്ലേ നല്‍കേണ്ടത് )
        
ഒരല്പം വെപ്രാളത്തോടെ അയാളത് മുഴുവന്‍ കുടിച്ചു തീര്‍ത്തു.താനിന്നു വരെകുടിച്ചിട്ടുള്ള  മറ്റേതു പാനീയത്തെക്കാളും അയാള്‍ക്കത് തൃപ്തി നല്‍കി.

മുട്ടു കുത്തി കട്ടിലിനോട് ചേര്‍ന്ന് തല കുനിച്ചിരുന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞ്, വിതുമ്പുന്ന ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങിയ നീര്‍ത്തുള്ളികള്‍ വൃദ്ധയുടെ കമഴ്ത്തിവെച്ച കൈത്തണ്ടയില്‍ വീണില്ലാതായി.
വിട പറഞ്ഞിറങ്ങുമ്പോള്‍ ഒരൊഴിഞ്ഞ പാത്രം പോലെ ശൂന്യമായിരുന്നു അയാള്‍. ചിന്തകളില്‍ നിന്നും മിന്നാമിനുങ്ങുകള്‍ പോലെ ആ ശബ്ദം അയാള്‍ക്ക് ചുറ്റും വെളിച്ചം കാണിച്ചു കൊണ്ടിരുന്നു. “ജലം ദാഹിക്കുന്നവര്‍ക്കല്ലേ നല്‍കേണ്ടത്”
...........................................

07 April 2017

സ്നേഹം


ഒഴിഞ്ഞ പാത്രത്തില-
വശേഷിക്കുന്നു
ഇനിയുമുണ്ണാതെ
ഒരു മണി വറ്റ്...

ലഭജീവിതം


ഒരു
പൂമ്പാറ്റയായ്‌
ഇതള്‍ വിരിഞ്ഞ്,
ഒരു നൂറു മിഴികള്‍ക്ക്
മധുവും മണവും
പകര്‍ന്ന്
കൊഴിഞ്ഞു വീണാല്‍
മതിയായിരുന്നു ഈ ഞാനും......

വിത്തിലേക്ക്‌ മടങ്ങുമ്പോള്‍


മരം
വിത്തിലേക്ക്‌ മടങ്ങുമ്പോള്‍,
നിറഞ്ഞ കൂടുകളില്‍ നിന്നും
കിളികള്‍ ആകാശത്തിലേക്ക് പറന്നുയരും

കാറ്റ് വീശി ഒടിഞ്ഞ ചില്ലകള്‍
പിടഞ്ഞുണരും;
പൂത്തു തളിര്‍ത്തു കനിയുതിര്‍ത്ത്
പതിയെ ഉള്‍വലിയും
തണലിനെ തളര്‍ന്ന വഴിയാത്രക്കാരന്
വിട്ടു കൊടുത്ത്,
പച്ചയും പൂനിറവും
കതിരവനഴിച്ചു നല്‍കും
ഇനിയൊരിടയപ്പാട്ടിന്
താളവുമായ് ഇലകള്‍
കാറ്റില്‍ പാറി നടക്കും
വിത്തിനെക്കാള്‍ ചെറുതാകണം
മരത്തിന്
വിത്തിലേക്ക്‌ മടങ്ങുവാന്‍ ......

""വന്നേരിയില്‍ വന്ന നേരം"""



വന്നേരിയില്‍ വന്ന നേരം
പുളിമരക്കൊമ്പിലന്നൂഞ്ഞാല്
ക്കെട്ടിക്കളിച്ച നാളോര്‍മ്മയില്‍
ആടിയെത്തുന്നു....
വന്നേരിയില്‍ വന്ന നേരം
പുളിമരച്ചില്ലയിലന്നു കളനാദം
പൊഴിഞ്ഞ കിളി ഓര്‍മ്മയില്‍
കൂട് കൂട്ടുന്നു
വന്നേരിയില്‍ വന്ന നേരം
പുളിമര ചോട്ടിലന്നൊരുമിച്ച്
പല കൈയ്യൊരു ചോറ്റു-
പാത്രത്തിലുരുള തേടുന്ന
നാളോര്‍മ്മയില്‍ മധുരമിറ്റുന്നു
വന്നേരിയില്‍ വന്ന നേരം
നിലാവു പോല്‍ പ്രണയം
പുളിമരത്തണലില്‍ തെളിഞ്ഞു;
മിഴിനീര്‍ച്ചോല തീര്‍ത്തു വിട
പറയാതെ ഓടിയകലുന്നു
ഓര്‍മ്മകള്‍ മധുരിക്കുമെന്നു പോല്‍
ഇവിടെയിന്നോര്‍മ്മകലള്‍ക്കെന്തു
പുളിയാണിത്തെന്നോ?

പഴയ ഞാൻ പടിയിറങ്ങുന്നു;

പഴയ ഞാൻ പടിയിറങ്ങുന്നു;
പുതിയ ഞാൻ പതുങ്ങി നിൽക്കുന്നു.....
പുലരി വന്നു വിളിച്ചിരുന്നെങ്കിൽ
തരി വെളിച്ചമൂർന്നു വീണെങ്കിൽ,
കൈ പിടിച്ചു കയറിയേനെ ഞാൻ.

പഴയ ഞാൻ പടിയിറങ്ങുന്നു,
പുതിയ ഞാൻ പതുങ്ങി നിൽക്കുന്നു.....

യാത്ര എഴുതി മായ്ച്ച ചിത്രം..


ഞാൻ നടന്ന വഴികളിൽ
എന്റെ കാലടികളെ തൊട്ടു നോക്കാതെ,
കടന്നു പോയൊരാ കാലൊച്ചകൾ.
ഞാൻ കയറിയ ബസ്സിനുള്ളിൽ
നിറഞ്ഞ തിരക്കുകളിൽ
അലസമായ് പായിച്ച
നോട്ടങ്ങളിൽ തെളിഞ്ഞു മാഞ്ഞ അക കാഴ്ചകൾ.
ഞാൻ കയറിയ തീവണ്ടിയിൽ ഓടിക്കിതച്ചു പാഞ്ഞെത്തി മുഖാമുഖമിരുന്നുറങ്ങിയ
കൺ പോളകൾ.....
ഞാൻ യാത്ര ചെയ്യാത്തൊരു ദിനം
ഈ മൂന്നു ചിത്രങ്ങളും മായ്ച്ച്
അവനൊരു യാത്ര പോയത്രേ...
ശബ്ദമായ് വന്നു മാഞ്ഞു പോകാൻ മടിക്കുന്നു
 ചുവന്നു പടർന്ന ഈ നോവു വർണം..

പെൺമൊഴി


നിന്നിലേക്ക്‌ ഞാൻ
ഒഴുകിയെത്തുമ്പോൾ
നീയൊരു കടലും,
ഞാനൊരു പുഴയും......

എന്നിലേക്ക്‌ നീ
ആർത്തലച്ചെത്തുമ്പോൾ,
നീയൊരു പ്രളയം
ഞാനൊരു നിലവിളി.......

പ്രണയച്ചുവപ്പ്


ഞാൻ കൊഴിഞ്ഞ ചില്ലയിൽ
പൂത്തുനിൽക്കുന്നുണ്ടു
പുതു പ്രണയച്ചുവപ്പ്....

12 February 2017

മൺചെരാത്

ഒരു മൺചെരാതിനും ചൊല്ലുവാനുണ്ടാകും
തിരി നീട്ടി ഒളി തൂകി നിൽക്കുമ്പൊഴും
മിണ്ടാതെ മൂകം വെളിച്ചം മറന്നങ്ങു
മിഴി പൂട്ടി മണ്ണിൽ ശയിച്ച രാവിൻ കഥ

മഴയേറ്റു മണ്ണിൽ കുതിർന്നു താഴുമ്പൊഴും
മാനത്തു മാരിവിൽ കണ്ടു മോഹിച്ചതും
പഥികർ തൻ പദ താഡനങ്ങളിൽ പൂവിടും
പറയാനറിയാത്ത നൊമ്പരപ്പൂക്കളെ
പതിവായ് മാറിൽ ചേർത്തുറങ്ങുന്നതും
ഒരു മൺചെരാതിനും ചൊല്ലുവാനുണ്ടാകും
തിരി നീട്ടി ഒളി തൂകി നിൽക്കുമ്പൊഴും .

പുൽ നാമ്പിലൂടൊന്നു പൂവായ് പിറക്കുവാൻ
ആശിച്ചു വേരിൽ തപം ചെയ്തിരിക്കവെ
പുല്ലും പുലരൊളിത്തെല്ലും കരിഞ്ഞു
വെയിൽ ചില്ലയൊടിഞ്ഞതിൻ മീതെ വീഴ്‌കെ

ഭൗമ പൊക്കിൾക്കൊടിത്തുമ്പു മുറിച്ചന്നു
നീറുമച്ചൂളയിൽ ഉരുവമായീടവേ
നോവ് മറന്നു ചിരിക്കാൻ പഠിപ്പിപ്പിച്ചു
വൈഭവമാർന്നൊരാ  കാലമാം കൊശവൻ

എരിയുമ്പൊഴും ശോഭ ചൊരിയുന്ന നവ്യമാം
തിരിനാളവുമായ് ജ്വലിച്ചു നിൽക്കുമ്പോഴും
ഒരു മൺചെരാതിനും ചൊല്ലുവാനുണ്ടാകും
മിഴി പൂട്ടി മണ്ണിൽ ശയിച്ച രാവിൻ കഥ


14 June 2016

മഴക്കൂട്ട്


കറങ്ങി നടക്കാറുണ്ട്
ഞാനും മഴയും.,
കാടും മേടും പുഴയും തോറും പെയ്തു പെയ്ത്‌........

സ്നേഹം


ഒഴിഞ്ഞ പാത്രത്തില-
വശേഷിക്കുന്നു
ഇനിയുമുണ്ണാതെ
ഒരു മണി വറ്റ്...

മഴനർത്തകി


പെയ്യാമെന്നേറ്റു
മറന്നു പോയ
മഴയെ തിരക്കി
വരുന്നുണ്ടത്രേ
മണൽക്കാടുകൾ,

മരങ്ങൾ മുറിച്ചു
വഴിയൊരുക്കുന്നു
നാം മാനുഷർ.......

മഴബാലിക


നനവാർന്ന
കൈകളാൽ
തൊട്ടുവിളിച്ചു
തേങ്ങുന്നു
ജാലക വാതിൽ
തുറന്നൊരു
മഴബാലിക...