12 February 2017

മൺചെരാത്

ഒരു മൺചെരാതിനും ചൊല്ലുവാനുണ്ടാകും
തിരി നീട്ടി ഒളി തൂകി നിൽക്കുമ്പൊഴും
മിണ്ടാതെ മൂകം വെളിച്ചം മറന്നങ്ങു
മിഴി പൂട്ടി മണ്ണിൽ ശയിച്ച രാവിൻ കഥ

മഴയേറ്റു മണ്ണിൽ കുതിർന്നു താഴുമ്പൊഴും
മാനത്തു മാരിവിൽ കണ്ടു മോഹിച്ചതും
പഥികർ തൻ പദ താഡനങ്ങളിൽ പൂവിടും
പറയാനറിയാത്ത നൊമ്പരപ്പൂക്കളെ
പതിവായ് മാറിൽ ചേർത്തുറങ്ങുന്നതും
ഒരു മൺചെരാതിനും ചൊല്ലുവാനുണ്ടാകും
തിരി നീട്ടി ഒളി തൂകി നിൽക്കുമ്പൊഴും .

പുൽ നാമ്പിലൂടൊന്നു പൂവായ് പിറക്കുവാൻ
ആശിച്ചു വേരിൽ തപം ചെയ്തിരിക്കവെ
പുല്ലും പുലരൊളിത്തെല്ലും കരിഞ്ഞു
വെയിൽ ചില്ലയൊടിഞ്ഞതിൻ മീതെ വീഴ്‌കെ

ഭൗമ പൊക്കിൾക്കൊടിത്തുമ്പു മുറിച്ചന്നു
നീറുമച്ചൂളയിൽ ഉരുവമായീടവേ
നോവ് മറന്നു ചിരിക്കാൻ പഠിപ്പിപ്പിച്ചു
വൈഭവമാർന്നൊരാ  കാലമാം കൊശവൻ

എരിയുമ്പൊഴും ശോഭ ചൊരിയുന്ന നവ്യമാം
തിരിനാളവുമായ് ജ്വലിച്ചു നിൽക്കുമ്പോഴും
ഒരു മൺചെരാതിനും ചൊല്ലുവാനുണ്ടാകും
മിഴി പൂട്ടി മണ്ണിൽ ശയിച്ച രാവിൻ കഥ


No comments:

Post a Comment