17 April 2017

ജലം



ജലത്തുള്ളികള്‍ ജലത്തില്‍ നിന്ന് വേര്‍പെട്ട് അനാഥരായി അകാശ ത്തിലേക്കുയര്‍ന്നു. അനന്തതയില്‍ തുടങ്ങി അനന്തതയിലേക്ക് നീളുന്ന സമയ രേഖയില്‍ പൊടുന്നനെ താന്‍ ഏതോ അഗാധതയിലേക്ക്‌ പതിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു . പ്രണയിനിയുടെ നിരാസത്തില്‍ നൊന്ത ഹൃദയവുമായി രാസല്‍ ഖൈമയിലെ അവളുടെ വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ , വര്‍ഷങ്ങള്‍ക്കു മുന്പ് മണല്ക്കാടുകള്‍പ്പുറത്തെ സുഖ സൗഭാഗ്യങ്ങള്‍സ്വപ്നം കണ്ട് പറന്നുയര്‍ന്ന നിമിഷം താനല്ലാതെ മറ്റാരും തുണയില്ലതിരുന്ന അമ്മയുടെ മിഴികള്‍ നനഞ്ഞിരുന്നോ എന്നയാള്‍ ഓര്‍ത്തു നോക്കി . തനിക്കു വേണ്ടി പൂത്തു കായ്ച്ചു കൊഴിഞ്ഞ അമ്മമരം കത്തിയെരിഞ്ഞ വെണ്ണീര്‍ അയാളെ പൊള്ളിച്ചു കൊണ്ടിരുന്നു .

ഇരുള്‍ പരന്നു തുടങ്ങിയ ഇടവഴിയിലെ ഇലകള്‍ പൊഴിക്കാത്ത കോണ്‍ക്രീറ്റ് മരച്ചില്ലകള്‍ കണ്ട് അയാളുടെ മനസ്സ് പുകഞ്ഞു . കാലടികള്‍ മുന്നോട്ടുള്ള പാതയെ തേടുമ്പോഴും കാതോര്‍ത്ത പിന്‍വിളി കൊട്ടിയടയ്ക്കപ്പെട്ട വാതിലിന്‍റെ കനത്ത ശബ്ദത്തില്‍ അലിഞ്ഞില്ലതായതായി അയാള്‍ തിരിച്ചറിഞ്ഞു .എങ്ങോട്ടെന്നില്ലാതെ ചുട്ടു പൊള്ളുന്ന മണല്‍ വഴികളിലൂടെ അയാള്‍ അലഞ്ഞു തിരിഞ്ഞു . അറിയാത്ത ദൂരങ്ങള്‍ താണ്ടി, മണല്‍ക്കാറ്റ് ഏറ്റ് വരണ്ട തൊണ്ടയില്‍ ഇത്തിരി നനവ് പകരാന്‍ എവിടെ നിന്നെങ്കിലും കുറച്ച് ജലം ലഭിച്ചിരുന്നുവെങ്കില്‍ എന്നയാള്‍ ആശിച്ചു .  അധികം ദൂരെയല്ലാതെ പകുതി തുറന്നിട്ട വാതിലില്‍ നിന്നും മഞ്ചെരാതില്‍ നിന്നെന്ന പോലെ പുറത്തേക്കൊഴുകുന്ന പ്രകാശത്തെ ലക്ഷ്യമാക്കി അയാള്‍ നടന്നു

            “ഫള്ളല്‍ ......”    ( അകത്തേയ്ക്ക് വരൂ ......)
പടിവരെയെത്തി തെല്ലമാന്ദിച്ചു നിന്ന അയാളെ നനവാര്‍ന്ന ആ ശബ്ദം സ്വാഗതം ചെയ്തു .
അരണ്ട വെളിച്ചത്തില്‍ ടോസ്സാ ജുട്ടിന്റെ നൂലുകള്‍ കൊണ്ട് വരിഞ്ഞ കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന തൊലി ചുളിഞ്ഞ് ശുഷ്കിച്ച മുഖമുള്ള വൃദ്ധ അയാള്‍ക്ക് ജലമിരിക്കുന്ന കൂജ കാണിച്ചു കൊടുത്തു ..

          “ഇഷ്രബ് മായക് ഫീക്ക” ( ആവശ്യത്തിനു കുടിച്ചോളൂ )

     “ അലൈസല്‍ മാ അലില്‍ അത്വ്ശാന്‍ ” ( ജലം ദാഹിക്കുന്നവര്‍ക്കല്ലേ നല്‍കേണ്ടത് )
        
ഒരല്പം വെപ്രാളത്തോടെ അയാളത് മുഴുവന്‍ കുടിച്ചു തീര്‍ത്തു.താനിന്നു വരെകുടിച്ചിട്ടുള്ള  മറ്റേതു പാനീയത്തെക്കാളും അയാള്‍ക്കത് തൃപ്തി നല്‍കി.

മുട്ടു കുത്തി കട്ടിലിനോട് ചേര്‍ന്ന് തല കുനിച്ചിരുന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞ്, വിതുമ്പുന്ന ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങിയ നീര്‍ത്തുള്ളികള്‍ വൃദ്ധയുടെ കമഴ്ത്തിവെച്ച കൈത്തണ്ടയില്‍ വീണില്ലാതായി.
വിട പറഞ്ഞിറങ്ങുമ്പോള്‍ ഒരൊഴിഞ്ഞ പാത്രം പോലെ ശൂന്യമായിരുന്നു അയാള്‍. ചിന്തകളില്‍ നിന്നും മിന്നാമിനുങ്ങുകള്‍ പോലെ ആ ശബ്ദം അയാള്‍ക്ക് ചുറ്റും വെളിച്ചം കാണിച്ചു കൊണ്ടിരുന്നു. “ജലം ദാഹിക്കുന്നവര്‍ക്കല്ലേ നല്‍കേണ്ടത്”
...........................................

No comments:

Post a Comment