എന്റെ മിഴികളിലൂടെ പാറിപ്പറന്നു കിടന്നിരുന്ന മുടികളെ മാടിയൊതുക്കി ജോവോ
സില്‍വ ഒരിക്കല്‍ പറഞ്ഞിരുന്നു “ആ നിമിഷത്തിനു വേണ്ടിയാണ് കെവിന്‍
നമ്മളോരോരുത്തരും ജീവിക്കുന്നത്, അത് കഴിയുമ്പോള്‍ കഴിയുന്നത് നമ്മള്‍
തന്നെയാണ്.ചിലരുടെ ജീവിതത്തില്‍ അവരാ നിമിഷം തിരിച്ചറിയുന്നു മറ്റു ചിലര്‍
അതറിയുന്നില്ല “. തലേ ദിവസത്തെ പാര്‍ടിയില്‍ കഴിച്ച വോഡ്കയുടെ പുലമ്പലായേ
എനിക്കത് തോന്നിയുള്ളൂ.
‘അയോദി’നെ ഒറ്റവാക്കില്‍ മൃതപ്രായരുടെ
താഴ്വര എന്ന് പറയാം . സുഡാനിലെ ആഭ്യന്തര കലാപവും പട്ടിണിയും അയോദിന്റെ
മണ്ണിനെ ഊഷരമാക്കിയിരുന്നു. മരണം വിശപ്പായും, രോഗമായും, കലാപമായും
തൊട്ടടുത്തുള്ളപ്പോള്‍ “ഒരു രക്ഷകന്റെ കൈ “ സ്വപ്നം കാണാനുള്ള കരുത്ത്
അയോദിലെ ജനത്തിനെന്നേ നഷ്ടപ്പെട്ടിരിക്കണം. വിമാനം അയോദിലെ ഉണങ്ങി വരണ്ട
താല്കാ്ലിക താവളത്തില്‍ ഇറങ്ങിയ പാടെ തന്നെ ജോവോ തന്റെ ക്യാമറയും
സ്റ്റാന്റും എടുത്ത് ഗറില്ലാ പോരാളികളുടെ തമ്പുകള്‍ തിരക്കി ഓട്ടമായി.
മുപ്പത് മിനിട്ടുകള്‍ മാത്രമേ വിമാനം അയോദിലുണ്ടാകൂ. അതില്‍ നിന്നും ഒരു
നിമിഷം.... ’ആ നിമിഷത്തി’നായി ഇനിയുമെത്ര അയോദുകള്‍ താണ്ടണം. അലസമായി
ക്യാമറ കഴുത്തില്‍ തൂക്കി കാലടികളിലെ മണ്ണിനെ ഞെരിച്ചമര്ത്തി നടക്കവേ
അഭയാര്‍ത്ഥി കാമ്പ്കളില്‍ നിന്നും വിചിത്രമായ ശബ്ദത്തില്‍ തേങ്ങലുകള്‍
മുഴങ്ങുന്നത് കേട്ടു. ഭക്ഷണപ്പൊതികള്‍ കണ്ടപ്പോഴത്തെ കുഴിഞ്ഞ കണ്ണുകളിലെ
തെളിച്ചം എന്റെ കാമറക്ക് രുചിയുള്ള ഭക്ഷണമായി. ഒരു പ്രൊഫഷണല്‍
ഫോട്ടോഗ്രാഫര്ക്ക് പാടില്ലാത്തതും, ഒരു മനുഷ്യനില്‍ നിന്ന് എത്ര തുടച്ചു
മാറ്റിയാലും പൊടിപ്പെങ്കിലും അവശേഷിപ്പിക്കുന്നതുമായ വൈകാരികത
വെളുത്തുമിനുത്ത തൊലിയുള്ള എന്റെ നെഞ്ചകം ഉടച്ചു തുടങ്ങിയിരുന്നോ?....എവിടെ
നിന്നോ ഒരു ഞരക്കം കേള്ക്കു ന്നതായി എനിക്ക് തോന്നി. ഏകദേശം അന്‍പത്
ഫര്‍ലോന്ഗ് മാറി മണ്ണിനോട് ചേര്ന്ന് എന്തോ ഒരു സാധനം കിടപ്പുണ്ട്. ഞാനതിനെ
ലക്ഷ്യമാക്കി നടന്നു.അടുത്തെത്താറാകുന്തോറും അത് തലയും മുന്കാലുകളും
നിലത്തു പതിച്ചു വെച്ച പട്ടിയുടെ രൂപം പൂണ്ടു. ചുവടുകള്‍ മുന്നോട്ട്
വെക്കുമ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അതൊരു മനുഷ്യക്കുഞ്ഞായി
മാറുന്നുണ്ടായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയ ഒരു നിമിഷം.’ആ
നിമിഷത്തിലേക്ക്’ ഞാന്‍ നടന്നു കയറിയത്, ഇരയെ അതിന്റെ അവസാന ഞരക്കത്തോടെ
വിഴുങ്ങാനെന്ന വണ്ണം പൊടുന്നനെ പറന്നിറങ്ങിയ ഒരു കൂറ്റന്‍
കഴുകനൊപ്പമായിരുന്നു. തീയില്‍ തൊട്ടവന്‍ അറിയാതെ കൈ പിന്‍വലിക്കുന്ന പോലെ,
പൂര്‍വ നിശ്ചിതമായ എന്തോ ഒന്നാല്‍ എന്റെ കാമറയില്‍ നിന്നും ഒരു ഫ്ലാഷ്
മിന്നി മാഞ്ഞു. തൊട്ടടുത്തു കിടന്ന പാറക്കല്ലിന്‍ ചീളെടുത്ത് ഞാനാ കൂറ്റന്‍
പക്ഷിയെ എറിഞ്ഞു. അതുയര്ന്നു് പൊങ്ങി വട്ടമിട്ടു പറന്നു.വീണ്ടും
താഴേക്കിറങ്ങാനായിരിക്കുമോ അതിന്റെ ചിറകുകള്‍ നിശ്ചലമായാത്.....
ആ
കറുത്ത കുഞ്ഞിന്റെ കരിഞ്ഞ ഉടലില്‍ ഉരുവായ കരിനിരമുള്ള അഗ്നിയില്‍ നിന്ന്
ഇരുട്ട് ഉള്ളിലേക്ക് ഇരച്ചു കയറുന്നത് കെവിന്‍ കാര്ടര്‍ എന്ന എന്ന ഞാന്‍
അറിഞ്ഞു.”കെവിന്‍ തിരികെ പോരൂ വിമാനം പുറപ്പെടാറായി” ജോവോയുടെ വിളിയില്‍
കുരുങ്ങി ഞാന്‍ നടന്നു നീങ്ങവേ വലിഞ്ഞു മുറുകിയ ചരടുകളില്‍ കറുത്ത തീ
പടര്‍ന്നു കഴിഞ്ഞിരുന്നു....
ആ ഫ്ലാഷ് സമ്മാനിച്ച പുരസ്കാരങ്ങളുടെ
വെളിച്ചത്തിനു മറവില്‍ ആരും കാണാതെ കത്തുന്ന കറുത്ത അഗ്നിയില്‍ ഞാന്‍
മനസ്സിലാക്കുന്നു ജോവോ, ആ നിമിഷത്തിനു വേണ്ടിയായിരുന്നു ഞാന്‍
ജീവിച്ചിരുന്നത്, അതിനു ശേഷം മരിക്കുവാന്‍ തീരുമാനിച്ച ഈ നിമിഷം വരെ ഞാന്‍
ജീവിച്ചിരുന്നില്ല...
നോട്ട്:“കെവിന്‍ കാര്ട്ടിര്‍ എന്ന ഫോട്ടോഗ്രാഫര്ടെ, ജീവിതത്തെ അവലംബമാക്കി എഴുതിയത്”
ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ച ഒരു ചിത്രം!
ReplyDeleteഅനശ്വരമായ ചിത്രം
ഫോട്ടോഗ്രാഫര്‍ ഈ ലോകം വിട്ടുപോയത് എത്ര വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ ജീവിച്ചശേഷമാകുമെന്നോര്‍ത്ത് വേദനയാകുന്നുണ്ട്
(നന്നായി എഴുതി)
മനുഷ്യമനസാക്ഷിയെ വേദനിപ്പിച്ച അനശ്വര ചിത്രം...!
ReplyDeleteഅദ്ധേഹത്തിന്റെ മാനസികാവസ്ഥ നന്നായി എഴുതിയിരിക്കുന്നു ഈ കഥയിൽ ....